ഇന്ന് സെപ്റ്റംബർ 11. അമേരിക്ക മറന്നിട്ടില്ല. ലോകം അനുഭവിച്ചുതീർന്നിട്ടുമില്ല. 25 വർഷം മുന്പാണ് ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം ഇസ്ലാമിക ഭീകരർ ചാവേറാക്രമണത്തിൽ തകർത്തത്. പിന്നെയവർ വിർജീനിയയിലെ പെന്റഗൺ ആസ്ഥാനത്തും (പ്രതിരോധ വകുപ്പ് ആസ്ഥാനം) വിമാനം ഇടിച്ചുകയറ്റി. കാപിറ്റോളോ വൈറ്റ് ഹൗസോ ലക്ഷ്യമാക്കി പറന്നതെന്നു കരുതുന്ന മറ്റൊരു വിമാനം പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നുവീഴുകയും ചെയ്തു.
നിരപരാധികളായ മൂവായിരത്തോളം മനുഷ്യർ കൊല്ലപ്പെട്ടു. പിന്നീടു കണ്ടത് ലോകം അതിന്റെ ക്രമങ്ങളെ അഴിച്ചുപണിയുന്നതാണ്. ഈ പ്രഭാതത്തിൽ അമേരിക്കയിലെന്നല്ല ലോകത്തെവിടെയുമെത്തുന്ന ഏതൊരു വിദേശസഞ്ചാരിയും വിമാനത്താവളത്തിൽതന്നെ ആ ലോകക്രമത്തിന്റെ രുചി അറിയുന്നുണ്ട്. കർക്കശ മതചട്ടങ്ങളിൽ തുടങ്ങി മൗലികവാദത്തിലൂടെ വളർന്ന് ഭീകരവാദത്തിൽ സ്വർഗം തേടുന്നവരുടെ എണ്ണമേറി. ചെറുത്തുനിൽപിന്റെ കൊടിയേന്തി ഇതരവർഗീയതകളും സജീവമായി. വാക്സിനുണ്ട്; മതേതരവിദ്യാഭ്യാസം. അതു ബലമായി കൊടുക്കാതെ ഈ മഹാമാരിയെ പിടിച്ചുകെട്ടാനാകില്ല.
2,977 പേരെ കൊലപ്പെടുത്തിക്കൊണ്ടാണ് ഒന്നേമുക്കാൽ മണിക്കൂറിനകം ഭീകരർ അവരുടെ അമേരിക്കൻ ദൗത്യം ഏതാണ്ട് വിജയകരമായി പൂർത്തിയാക്കിയത്. മതമൗലികവാദികളും ഉള്ളിലൊരു തീവ്രവാദിയെ പാലൂട്ടി വളർത്തിക്കൊണ്ടിരുന്നവരും പരന്പരാഗതമായി അമേരിക്കയെ ശത്രുവായി കാണുന്നവരുമൊക്കെ സന്തോഷിച്ചു.
പക്ഷേ, ആ ത്രില്ലറിന്റെ രണ്ടാം ഭാഗം അന്നുതന്നെ പ്രദർശനമാരംഭിച്ചു. അമേരിക്ക സംവിധാനം ചെയ്ത "വാർ ഓൺ ടെറർ’. സെപ്റ്റംബർ 14ന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ആഗോളതലത്തിൽ "ഭീകരതയ്ക്കെതിരേയുള്ള യുദ്ധം’ പ്രഖ്യാപിച്ചു. സൈനിക നടപടിക്കായി യുഎസ് കോൺഗ്രസ് അനുമതിയും നൽകി. സെപ്റ്റംബർ 20ന് അൽ-ക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ കൈമാറാനും അഫ്ഗാനിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകൾ പൂട്ടാനും താലിബാൻ ഭരണകൂടത്തിന് അമേരിക്കയുടെ അന്ത്യശാസനം. താലിബാൻ ഇത് നിരസിച്ചു.
ഒക്ടോബർ ഏഴിന് അമേരിക്ക അഫ്ഗാനിസ്ഥാൻ അധിനിവേശം നടത്തി. താലിബാനെയും അൽ-ക്വയ്ദയെയും ലക്ഷ്യമിട്ട് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം തുടങ്ങി. ഡിസംബറിൽ താലിബാനെ പുറത്താക്കി. അമേരിക്കയുടെ പ്രതികാരം ബുഷിന്റെ വൈകാരികതയിലേക്കു മാറി.
2003 മാർച്ചിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നും കൂട്ടനാശത്തിനുള്ള ആയുധങ്ങളുണ്ടെന്നും ആരോപിച്ച് ഇറാക്കിനെ ആക്രമിച്ചു. 2011 മേയ് രണ്ടിന് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഒസാമ ബിൻ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് അമേരിക്ക വധിച്ചു. പക്ഷേ, 2021 ഓഗസ്റ്റ് 31ന് 20 വർഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് കാര്യമായൊന്നും നേടാനാകാതെ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് പൂർണമായി പിന്മാറി. താലിബാൻ വീണ്ടും അധികാരത്തിലെത്തി.
1979ലെ സോവ്യറ്റ്-അഫ്ഗാൻ യുദ്ധത്തിൽ സോവ്യറ്റ് യൂണിയനെ പാഠം പഠിപ്പിക്കാൻ അമേരിക്ക വളർത്തിയതാണ് അൽ ക്വയ്ദയെ. മതം വളർത്തിയ തീവ്രവാദത്തെ രാഷ്ട്രീയ താത്പര്യങ്ങൾ കൂടുതൽ മാരകമാക്കി. 1979ലെ ഇറാൻ വിപ്ലവവും തീവ്രവാദികൾക്കു വിജയോന്മാദം നൽകി. പശ്ചിമേഷ്യയിലെ താരതമ്യേന ഏറ്റവും മതേതരനെന്നു പറയാമായിരുന്ന സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചതോടെ ആ രാജ്യവും മതതീവ്രവാദികളുടെ പിടിയിലായി. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുകയും മറ്റുള്ളവർ പലായനം ചെയ്യുകയും ചെയ്തു. സമീപരാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾക്കു രക്ഷയില്ലാതായി.
ഭീകരവാദത്തെ തോക്കുകൊണ്ട് പ്രഹരിക്കാനാകും. പക്ഷേ, മതമൗലികവാദം വളർത്തിയെടുത്തുകൊണ്ടേയിരിക്കുന്ന ഭീകരപ്രസ്ഥാനങ്ങൾ കൈയൂക്കുള്ളിടത്തു കൊലവെറി നടത്തിയും തിരിച്ചടിക്കപ്പെടുന്പോൾ ഇരവേഷം കെട്ടിയും മറ്റിടങ്ങളിൽ പത്തിയമർത്തിക്കിടന്നും വളരുകയാണ്. അതിനെ ചെറുക്കാനെന്ന മട്ടിൽ പശ്ചിമേഷ്യയിലും യുറോപ്പിലും ഉൾപ്പെടെ വലതുപക്ഷ തീവ്രവാദവും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇതു പരിഹരിക്കാനാകുമോ എന്ന ചോദ്യമല്ല, പരിഹരിച്ചേ തീരൂ എന്ന നിശ്ചയമാണ് മനുഷ്യവംശത്തിനാവശ്യം. ഏറ്റവും പ്രധാനം ഭീകരവാദം സ്വർഗത്തിലേക്കുള്ള വഴിയാണെന്ന മസ്തിഷ്ക പ്രക്ഷാളനം അവസാനിപ്പിക്കണം.
രണ്ട്, മതേതര വിദ്യാഭ്യാസത്തിലൂടെ ഭ്രാന്തിനുള്ള ചികിത്സ തുടങ്ങണം. മൂന്ന്, എല്ലാ മതഭ്രാന്തിനെയും ഒരുപോലെ എതിർക്കാത്ത കപടമതേതരവാദികളെ തുറന്നുകാണിക്കണം. ഏറ്റവും പ്രധാനമായ കാര്യം, നോം ചോംസ്കി വ്യക്തമാക്കിയതുപോലെ, നാം വർഗീയതയെയും തീവ്രവാദത്തെയും എതിർക്കാനാഗ്രഹിക്കുന്നെങ്കിൽ ആദ്യം അതിൽ പങ്കെടുക്കില്ലെന്നു തീരുമാനിക്കണം. ഇപ്പോൾ സംഭവിക്കുന്നത് തീവ്രവാദത്തെ പ്രസവിച്ചു വളർത്തിയെടുത്ത് അതിനെ കുറ്റം പറയുകയാണ്. ഒരു മതേതരരാജ്യത്തുപോലും മതേതരവിദ്യാഭ്യാസം സാധ്യമല്ലെങ്കിൽ നാം ആ വിശേഷണങ്ങൾ മാറ്റുന്നതാണു നല്ലത്.